വിശുദ്ധ മഗ്ദലനാമറിയം അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല

ലേവി പടപുരയ്ക്കല്‍

ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യമായി പുറംലോകത്തിനുവെളിപ്പെടുത്തിക്കൊടുക്കാന്‍ ക്രിസ്തുവിനാല്‍ നിയുക്തയായ വി. മഗ്ദലനാമറിയം ആദിമ ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത് അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല എന്നാണ്. മാനവരാശിയില്‍ തന്നെ ഉയിര്‍ക്കപ്പെട്ട ക്രിസ്തുവിനെ ആദ്യം  തന്നെ ദര്‍ശിക്കാനും ശ്രവിക്കാനും കഴിഞ്ഞ മഗ്ദലനായിലെ മറിയം ക്രൈസ്തവ വിശ്വാസത്തിന്റേയും സ്ഥൈര്യത്തിന്റെയും ഉപവിയുടെയും സാക്ഷാല്‍കാരമായി മിശിഹാ ചരിത്രത്തില്‍ അവിഭാജ്യഘടകമായി ആധുനിക ലോകത്തിന്റെ സങ്കീര്‍ണ്മമായ സമസ്യകള്‍ക്കുള്ള പ്രത്യുത്തരവും പ്രതീക്ഷയുമായിപ്രശോഭിക്കുന്നു.

    MARY_MAGDALENE_-_Magdalene_Bernardo_Luini ആജന്മപവിത്രയായ പരിശുദ്ധ കന്യാമറിയത്തോടൊപ്പം ക്രിസ്തുവിന്റെ പീഡാനുഭവങ്ങളില്‍ പങ്കുകാരിയായി മാതാവിന്റെ മരണതുല്യമായ വേദനയില്‍ ആശ്വസിപ്പിച്ച് യേശുവിന്റെ അന്ത്യോപചാരങ്ങളില്‍ പങ്കുകൊണ്ട് മരിച്ചതിന് മൂന്നാം ദിവസം പ്രഭാതത്തില്‍ ശാബത്ത് തീര്‍ന്ന ഉടനെ സുഗന്ധ ദ്രവ്യവുമായി അണയുന്ന മേരിമഗ്ദലനയെ യേശു ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അവളുടെ പേരുചൊല്ലി വിളിക്കുകയും തന്നെത്താന്‍ വെളിപ്പെടുത്തുകയും മനുഷ്യ സമൂഹത്തെ സദ്വാര്‍ത്ത അറിയിക്കാന്‍ പ്രത്യേകമായി ചുമതലപ്പെടുത്തുകയും ചെയ്യുന്നത്.
മഗ്ദലനായുടെ ജീവിതചിത്രം ബൈബിളില്‍ ഇപ്രകാരം സംഗ്രഹിക്കാം. മഗ്ദലന എന്ന യൂദാ ഗ്രാമത്തില്‍ ജനനം അസാധാരണ സൗന്ദര്യത്താല്‍ അലംകൃതം- അടിപതറിയ യൗവ്വനം-ചെയ്യരുതാത്തതു ചെയ്യുമ്പോഴും പാപജീവിതത്തില്‍ നിന്നും വിമുക്തമാകാനുള്ള ആഗ്രഹം-ഒടുവില്‍ യേശുക്രിസ്തുവില്‍ തന്റെ വിമോചകനെ കണ്ടെത്തുകയും ആ പാദത്തില്‍ തലചായ്ച്ച് കണ്ണീര്‍ കൊണ്ട് പാദങ്ങള്‍ കഴുകി, തലമുടി കൊണ്ടു തുവര്‍ത്തി-ആ പുണ്യപാദങ്ങളില്‍ വിലകൂടിയ സുഗന്ധതൈലം ചൊരിഞ്ഞ് ചുംബിച്ച് പാപവിമോചനത്തിനുവേണ്ടിയുള്ള കേഴല്‍-ഉള്ളില്‍ത്തട്ടിയ പശ്ചാത്താപത്തിന്റെ കണ്ണുനീരാല്‍ പാപം കഴുകിക്കളഞ്ഞവളെ ക്രിസ്തുനാഥന്‍ നെറുകയില്‍ തലോടി സ്വാന്തനാമൃതം നല്‍കി പാപവിമുക്തയാക്കി മാറ്റുന്നത്-ഫരിസെയന്റെവീട്ടില്‍ വച്ച് അവള്‍ക്ക് ലഭിച്ച നവജീവന്‍ ജീവിതാവസാനംവരെ പ്രദീപ്തമാക്കിയത്. സഹോദരി മര്‍ത്തായോടൊപ്പം യേശുവിന് ആതിഥ്യമരുളാനും ജീവന്റെ വചസ്സുകളിലൂടെ യേശുവിന്റെ മാര്‍ഗ്ഗം സ്വായത്തമാക്കാനും ശ്രമിക്കുന്നത് ഗുരുവും നാഥനുമായ യേശുവില്‍ നിന്ന് ഏറ്റവും വലിയ സമ്മാനം സഹോദരനായ ലാസറിന്റെ ജീവന്‍ ഉയിര്‍പ്പിച്ച് തിരികെ ലഭ്യമാക്കുന്നത്. വിശുദ്ധ മറിയത്തോടൊപ്പം പീഡാനുഭവവേളയിലും കുരിശുമരണത്തിലും അന്ത്യോപചാരങ്ങളിലും ഭാഗഭാക്കായത്. ശാബത്ത് കഴിഞ്ഞു ആ വെളുപ്പിനുതന്നെ സുഗന്ധതൈലവുമായി യേശുവിനെ അടക്കിയ കല്ലറയിലേക്കോടിയണഞ്ഞത്. ദൈവദൂതനറിയിക്കുന്ന രണ്ടാമത്തെ സദ്വാര്‍ത്ത (ആദ്യത്തേത് ക്രിസ്തുവിന്റെ പിറവി) മനുഷ്യരാശിയുടെ പ്രതിനിധിയായി ഏറ്റുവാങ്ങിയത്- തുടര്‍ന്ന് നവോത്ഥിതനായ യേശുവിനെ കാണുന്ന ആദ്യത്തെ മനുഷ്യനേത്രങ്ങളുടെ ഉടമയായത്. യേശുഅവളെ പേരുചൊല്ലി വിളിക്കുകയും ദുഃഖിതരും ഭയാശങ്കിതരും ലക്ഷ്യബോധമില്ലാതെ പതറിപ്പോയവരുമായ ക്രിസ്തുവിന്റെ ലഘുസമൂഹത്തെ ഉത്ഥിതനായ ക്രിസ്തുവിനെപ്പറ്റി അറിയിക്കാന്‍ യേശുവിനാല്‍ തന്നെ നിയുക്തയായിതീരുന്നത്.-ആ ദൗത്യം അവള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നത്-വിശുദ്ധ ഗ്രന്ഥത്തില്‍ രേഖാങ്കിതമായ മഗ്ദലനയിലെ മറിയത്തിന്റെ വാങ്മയ സംഗ്രഹം ഇതായിരുന്നുവല്ലോ. എന്നാല്‍ ബൈബിളില്‍ പരാമര്‍ശിതമല്ലാത്ത പില്‍ക്കാല ജീവിതത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ വ്യക്തതപുലര്‍ത്തുന്നില്ല. അവളുടെ സഹോദരി വി. മര്‍ത്തയോടും വി. ലാസറിനോടും ചേര്‍ന്ന് വേദപ്രചാരം തുടര്‍ന്നു. മതവിരുദ്ധരായ റോമിലേയും യഹൂദപ്രമാണിമാരിലേയും മതപീഡകരുടെയും പീഡനങ്ങളും അടിച്ചമര്‍ത്തലുകളും ഏറ്റുവാങ്ങിക്കൊണ്ട് ആ മൂവര്‍സംഘം ഫ്രാന്‍സിലെ എയിക്‌സ് (AIX) പ്രോവിന്‍സിലേക്ക് കുടിയേറിയതായാണ് ചരിത്രരേഖ. അവള്‍ ഒരു ക്രിസ്ത്യന്‍ മിഷന്‍രൂപീകരിക്കുകയും സജീവമായി സത്യവേദ പ്രചാരണം നിര്‍വ്വഹിക്കുകയും ചെയ്തു. എങ്കിലും മതപീഡകരുടെ കൈവിരലുകള്‍ നീണ്ടു വരുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഫ്രാന്‍സിലും ഒരു ഒളിയിടം കണ്ടെത്തുകയും സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റർ  ഉയരത്തില്‍ സ്ഥിചെയ്യുന്ന മൗണ്ട് സെന്റ് ബുമേ എന്ന ഗുഹയില്‍ ഇടക്കിടെ തമ്പടിക്കേണ്ടിവരികയും ചെയ്തു. ആ ഗുഹയില്‍ ഒരു മഠവും സന്യാസ ഗൃഹവും ക്രമേണ ഉണ്ടായിവന്നു. ഈ മൂന്നുപേരും ഫ്രാന്‍സിലെ എയിക്സിൽ മരണമടയകയും അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം വെസ്രേലിയിലെ സന്യാസ ദേവാലയത്തില്‍ അടക്കം ചെയ്തതായും  പറയപ്പെടുന്നു.
                                     maxresdefaultവിശുദ്ധ മഗ്ദലനാമറിയത്തിന്റെ ഏറ്റവും വലിയ സവിശേഷത അവള്‍ നവീകരിക്കപ്പെട്ടതിനുശേഷമുള്ള അര്‍പ്പിത ജീവിതമാണ്. എല്ലാ പാപചായ് വുകളില്‍ നിന്നും അവള്‍ വിമോചിതയാകുന്നു. തികഞ്ഞ ആത്മീയ ജാഗ്രതയോടെ അവള്‍ ജീവിച്ചു. യേശുവില്‍ തന്റെ രക്ഷകനെയും വിമോചകനേയും മാത്രമല്ല സമസ്തവും പൂര്‍ത്തീകരിക്കുന്ന ആത്മനാഥനായി അവള്‍ സ്വീകരിച്ചു. അവിടുത്തെ ഓരോ വാക്കുകളും തിരുമുഖത്തുനിന്ന് ഏറ്റുവാങ്ങുകയും തീഷ്ണതയോടെ പരിപാലിക്കുകയും ചെയ്തു. യേശുവിന് ആതിഥ്യമൊരുക്കാനുള്ള സന്ദര്‍ഭവും അവളും സഹോദരിയും വിട്ടുകളഞ്ഞില്ല. ലൗകികകാര്യങ്ങളില്‍ വ്യാപൃതരാകുന്നതിനേക്കാള്‍ ആത്മീയകാര്യങ്ങള്‍ തേടുന്നു എന്നതായിരുന്നു ആ ഭവനത്തിന്റെ സവിശേഷതയായി യേശു കണ്ടത്. അതുകൊണ്ടുതന്നെ മരിച്ചുപോയ സഹോദരനെക്കുറിച്ചുള്ള അവളുടെ വിലാപം യേശുവില്‍ കരുണാര്‍ദ്രതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു. അവള്‍ക്കൊപ്പം യേശുവിന്റെ ഹൃദയവും തേങ്ങി. അവസാനം അവന്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ് എന്ന് യേശു അവളെ സമാധാനിപ്പിക്കുകയും ലാസറെ പുറത്തുവരുക എന്ന ലഘുവാക്യംകൊണ്ട് ലാസറിനെ ഉയിര്‍പ്പിച്ച് അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.യേശു ആ സഹോദരിമാര്‍ക്ക് നല്‍കിയ ആശ്വാസം വിശുദ്ധ ഗ്രന്ഥത്തിലെ അനന്യമായ ഒരനുഭവമാണ്. മേരിമഗ്ദലനയിലൂടെ ക്രിസ്തുവിനോടപേക്ഷിച്ചാല്‍ അവിടുന്ന് തിരസ്‌ക്കരിക്കുകയില്ല എന്ന ബോധ്യം അത് ലോകത്തിന് നല്‍കുന്നു. ആദിമ ക്രൈസ്തവര്‍ മേരി മഗ്ദലനയെ വി. കന്യാമറിയത്തെപ്പോലെ ഏറ്റവും ശക്തയായ മധ്യസ്ഥയായി കരുതുന്നതും അതുകൊണ്ടാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും വിശുദ്ധയെക്കുറിച്ചുള്ള ഭക്തി ആദ്യകാലങ്ങളില്‍ പ്രചുരപ്രചാരം നേടി. ഇംഗ്ലണ്ടിലെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും ആദ്യകാലത്ത് മഗ്ദലീനാ കലാലയങ്ങള്‍ എന്നാണറിയപ്പെട്ടിരുന്നത് എന്ന വസ്തുത ഇതിന് ഉപോദ്ബലകമാണ്. ഡൊമിനിക്കന്‍ സഭക്കാര്‍ വി. മഗ്ദലനാ മറിയത്തെ അവരുടെ മുഖ്യ വിശുദ്ധയായി തിരഞ്ഞെടുത്തതും അനുസ്മരണീയമാണ്. മഗ്ദലനാമറിയത്തിന്റെ സ്മരണ അവളുടെ ദൈവ വിധേയത്വത്തില്‍ നിന്നും സഹനത്തില്‍ നിന്നും എളിമയില്‍ നിന്നും രൂപപ്പെട്ട് വരുന്നതായതുകൊണ്ടാണ് ആധുനിക യുഗത്തിലും അതിന് പ്രസക്തിയുള്ളത്. ഏറ്റവും പ്രാധാന്യമേറിയ ഒരു വസ്തുത അവള്‍ വ്യാകുല മാതാവിന് സഹവര്‍ത്തിനിയും പരിശുദ്ധ മാതാവിന്റെ മരണതുല്യമായ വേദനയില്‍പങ്കുകാരിയും അതേസമയം മാതാവിന് ആശ്വാസം പകരുന്നവളുമായി എന്നതാണ്. പീഡാസഹനവേളയില്‍ ക്രിസ്തുവിനെ അനുയാത്ര ചെയ്ത ഗലീലിയായിലെ ചുരുക്കം സ്ത്രീകളില്‍ മറിയവും മഗ്ദലനായിലെ മറിയവും സബദി പുത്രന്മാരുടെ അമ്മയായ മറിയവും ഉള്‍പ്പെട്ടിരുന്നു. പീഡാനുഭവത്തിന്റെ ഓരോ ദൃശ്യവും സജീവമായി അവള്‍ ഉള്ളാലെ ഒപ്പിയെടുത്തു. വി. വെറോനിക്കായുടെ ശീലയില്‍ പതിഞ്ഞതിനെക്കാള്‍ വ്യക്തമായ ചിത്രം മഗ്ദലനയുടെ ഉള്ളില്‍ ജ്വലിക്കുന്നുണ്ടാവണം. കൂടാതെ ദിവ്യനിണം തുള്ളി തുള്ളിയായി വീഴുന്ന കുരിശിന്‍ ചുവട്ടില്‍ ക്രൂശിതനാകുന്ന ക്രിസ്തുവിനോട് പറയപ്പെട്ട സപ്തവാക്യങ്ങളും ക്രിസ്തുവിന്റെ അന്ത്യവചസ്സുകളായ സപ്തവാക്യങ്ങളും അവളുടെ ആത്മാവില്‍പതിഞ്ഞിട്ടുമുണ്ടാകും. അവസാനം അരിമത്തിയക്കാരനായ ജോസഫിനോടൊപ്പം സുഗന്ധ തൈലം പൂശി ക്രിസ്തുവിന്റെ ദേഹമടക്കുന്നതിനുള്ള അന്തിയോപചാരകര്‍മ്മത്തിലും അവള്‍ പങ്കാളിയായി. ഉത്ഥിതനായ ക്രിസ്തു അവളെ പേരുചൊല്ലി വിളിക്കുകയും തന്നെത്തന്നെ വെളിപ്പെടുത്തുകയും ഉത്ഥിതനായ ക്രിസ്തുവിനെ ശിഷ്യര്‍ക്ക് നിവേദിക്കുവാന്‍ അവളെ ഭരമേല്പിക്കുകയും ചെയ്തപ്പോള്‍ അവളുടെ സുകൃതം കിരീടമണിയുന്നു.

    ആധുനിക ലോകം മാനവരാശിയുടെ ഭയാശങ്കകള്‍ നിറഞ്ഞ സങ്കീര്‍ണ്ണമായ ലോകമാണ്. കച്ചവടതാല്പര്യങ്ങള്‍ മാനുഷികതയെ പിന്തള്ളിയിരിക്കുന്നു. കഴുത്തറപ്പന്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ നിഷ്‌കളങ്കരായ മനുഷ്യര്‍ വീണ് പോകുന്നു. അവരുടെ മേലേ ഭൗതിക നേട്ടത്തിന്റെ തേരോട്ടം ക്രൂരമായി നടമാടുന്നു. മതതീവ്രവാദങ്ങളും കര്‍ക്കശ രാഷ്ട്രീയ നിലപാടുകളും മനുഷ്യരെ നിസ്സഹായരും നിരാലംബരുമാക്കുന്നു. പ്രത്യാശയുടെ വിളക്കുകളണയുന്നു. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വിലയില്ലാതാകുന്നു. ഈ സന്ദര്‍ഭത്തില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്ക് അത്താണിയായി വിശുദ്ധ മഗ്ദലനയുടെ ജീവിതം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം. വിശുദ്ധയുടെ നിശ്ചയദാര്‍ഡ്യവും ദൈവ വിധേയത്വവും കുടുംബസ്‌നേഹവും ഇന്ന് ആര്‍ക്കും മാതൃകയാണ്. ഏത് പ്രതിസന്ധിയിലും ഈശോയോടൊപ്പം നിലനില്‍ക്കാന്‍ അവള്‍കാട്ടിയ ഉള്‍ക്കരുത്തും പാപവിമുക്തയായതുമുതല്‍ അവള്‍ പ്രകടിപ്പിച്ച സ്ഥൈര്യവും വ്യാകുലമാതാവിനുപോലും ആശ്വാസം പകരാന്‍ കഴിഞ്ഞ പ്രത്യാശാ ദീപ്തിയും ക്രൈസ്തവര്‍ പാഠമാക്കേണ്ട പരിത്യാഗശീലവും യുഗാന്ത്യത്തോളം ഓര്‍മ്മിക്കപ്പെടുമെന്നതില്‍ സംശയമില്ല. 
                       മഗ്ദലനമറിയം – മശിഹാചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നാണ്. മറിയവും യൗസേഫും മിശിഹായുടെ ജനനത്തിനുവേണ്ടി ദൈവത്താല്‍ ഒരുക്കപ്പെട്ടവരാണെന്ന് പറയുന്നതുപോലെ ഉത്ഥിതനായ യേശുവിനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാന്‍ മറിയം മഗ്ദലനയും ദൈവത്താല്‍ ഒരുക്കപ്പെട്ടവള്‍തന്നെ. എക്കാലത്തേയും ഏറ്റവും വലിയ വേദപ്രഘോഷകയായി  അവള്‍ തുടരും. ഉദ്ധിതനായ ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടാണ് ക്രിസ്തുമതം ആഗോള വ്യാപകമായി പ്രാബല്യം നേടിയതെന്ന വസ്ത്തുത കണക്കിലെടുക്കുമ്പോള്‍ അതിനുപാധിയായിത്തീര്‍ന്ന മറിയം മഗ്ദലന മിഷണറിമാരുടെ മിഷണറിയായി പ്രശോഭിക്കുന്നു.
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.