പടമുഖം സ്നേഹ മന്ദിരത്തെ കുറിച്ച് ഇന്ന് അറിയാത്തവർ ആരും തന്നെ ഉണ്ട് എന്ന് തോന്നുന്നില്ല. 350 ൽ പരം അനാഥരും മന്ദബുദ്ധികളുമായ ആളുകൾക്ക് ശരണാലയം തീർത്തിരിക്കുന്ന ശ്രീ വി സി രാജു ക്നാനായ സമുദായത്തിലെ ഒരു യഥാർത്ഥ സമരിയാക്കാരനാണ്. ഇന്ന് സ്വന്തം മാതാപിതാക്കളെ വരെ വഴിയിൽ ഉപേക്ഷിക്കുന്ന ഈ ലോകത്ത് , ഇദ്ദേഹം ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടേണ്ടതാണ്. ഇന്ന് ഈ സ്ഥാപനത്തിന് ജനം നൽകുന്ന അംഗീകാരം ദൈവം നൽകിയ അനുഗ്രഹം മാത്രമായി കാണുവാനാണ് രാജു ചേട്ടൻ ആഗ്രഹിക്കുന്നത്. നാം ഒരിക്കലെങ്കിലും സ്നേഹ മന്ദിരം സന്ദർശിക്കേണ്ടതാണ് . എങ്കിൽ മാത്രമെ അവിടുത്തെ പ്രവർത്തനത്തെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
അടുത്തയിടെ യുക്കെയിൽ സന്ദർശനത്തിന് വന്ന രാജു ചേട്ടനുമായി ക്നാനായ പത്രം ഡയറക്ടർ ശ്രീ തോമസ് കൂനാനിക്കൽ പ്രത്യേക അഭിമുഖം നടത്തുകയുണ്ടായി, തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എന്തു കാര്യവും ദൈവത്തിന്റെ പദ്ധതിയായി കാണുവാനാണ് രാജു ചേട്ടൻ ആഗ്രഹിക്കുന്നത്. ക്നാനായ സമുദായംഗമായ അദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തിൽ നമുക്കും പിന്തുണ നൽകാം . https://www.facebook.com/Br.V.C.Raju?fref=ts
1,ഈ മേഖലയിലേയ്ക്ക് കടന്നു വരുവാൻ ഉണ്ടായ സാഹചര്യം എന്താണ്?
എൻറെ പേര് രാജു ഞാൻ ഇടുക്കിയിൽ താമസിക്കുന്നു. സ്നേഹ മന്ദിരം എന്ന സ്ഥാപനത്തിൻറെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആളാണ് സ്നേഹമന്ദിരം തുടങ്ങാനുള്ള കാരണം എന്നത്, എൻ്റെ ചെറുപ്പത്തിലുള്ള ആഗ്രഹം ഒരു വൈദികൻ ആകുക എന്നുള്ളതായിരുന്നു. സാഹചര്യ കുറവു കൊണ്ടോ ഭാഗ്യ കുറവുകൊണ്ടോ ആകാം എനിക്ക് അതിനുള്ള ഭാഗ്യം കിട്ടാതെ വന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞാൻ കല്യാണം കഴിച്ചു. മൂന്ന് കുഞ്ഞുങ്ങളുമായി, അതിനൊക്കെ മുൻപ് ഞാൻ ധ്യാനം കൂടാന് പോകാറുണ്ടായിരുന്നു. ധ്യാനം കൂടി കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും ആ ആഗ്രഹം ജ്വലിച്ചു. ഒരു കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഇത്എ ത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അറിയാം . എനിക്ക് എങ്ങനെയെങ്കിലും ദൈവത്തെ മഹത്വപ്പെടുത്തണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് നമ്മൾ എന്ത് ചെയ്താലും അത് ദൈവമഹത്വത്തിന് വേണ്ടിയായിരിക്കണം . എല്ലാ വർഷവും മലയാറ്റൂർ പോവുക സ്വാഭാവികമാണ് അങ്ങനെ ഒരു തവണ മലയാറ്റൂർ പോയപ്പോൾ ഒരു മാനസിക രോഗിയെ കണ്ടു ആ മാനസികരോഗിക്ക് ഞാൻ ഭിക്ഷകൊടുക്കാൻ തുടങ്ങിയപ്പോൾ ദൈവം തോന്നിച്ചതാണ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുവാന്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ദൈവം ഒന്നേയുള്ളു എന്ന് അങ്ങനെ എങ്കിൽ ആ ദൈവത്തിൻറെ ഉള്ളിൽ വസിക്കുന്നതും ജീവനും എൻറെ ഉള്ളിൽ വസിക്കുന്നതും ഒരു ദൈവത്തിൻറെ ജീവനാണെന്ന് തിരിച്ചറിവാണ് സ്നേഹ മന്ദിരം തുടങ്ങുവാൻ എന്നെ പ്രേരിപ്പിച്ചത്.
2, സ്നേഹ മന്ദിരം എന്ന പേര് തിരഞ്ഞെടുക്കുവാൻ ഉണ്ടായ പ്രേരണ എന്തായിരുന്നു ?
സ്നേഹ മന്ദിരം എന്ന പേരിടാനുള്ള കാരണം, ദൈവം സ്നേഹമാണ് എന്നാണല്ലോ നമ്മൾ എല്ലാം പഠിക്കുന്നത്. അങ്ങനെയെങ്കിൽ ദൈവസ്നേഹത്തിൽ നിന്നാണ് സ്നേഹ മന്ദിരം ഉണ്ടായതും സ്നേഹ മന്ദിരത്തിൽ സ്നേഹവാനായ ദൈവത്തിൻറെ സ്നേഹം ഇല്ലെങ്കിൽ ഒന്നുമില്ലെന്നും അതുകൊണ്ട് എൻറെ മനസ്സിലേക്ക് ദൈവം തോന്നിപ്പിച്ചത് സ്നേഹ മന്ദിരം സ്നേഹം പങ്ക് വെയ്ക്കുന്ന ഒരു ഇടമായി തീരണം എന്നാണ്.നിസ്വര്ത ആയ സ്നേഹം സ്നേഹ മന്ദിരത്തിൽ വസിക്കുന്നവരും അവിടെ വരുന്നവരും അതിൻറെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുന്നതിന് എല്ലാവരും സ്നേഹത്തിലൂടെ വ്യാപരിക്കണം എന്ന ആഗ്രഹം കൂടിയാണ് സ്നേഹ മന്ദിരം എന്ന പേരിടാനായിട്ട് ഉണ്ടായ കാരണം
3.ഈ ഒരു പ്രസ്ഥാനം ആരംഭം കുറിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു?
സ്നേഹ മന്ദിരം ആരംഭകുറിക്കണ സമയത്ത് എന്നെ സംബന്ധിച്ച് എനിക്ക് ഒരു ചെറിയ പലചരക്ക് കട ആയിരുന്നു മൂന്ന് സെൻറെ് സ്ഥലമേ ഉള്ളൂ അനാഥരെ നോക്കണമെന്ന് ആഗ്രഹം ഉണ്ട്, എൻറെ കൈയ്യിൽ പണമില്ല വാടക കെട്ടിടത്തിൽ അനാഥ മന്ദിരം തുടങ്ങണമെന്ന് ആഗ്രഹവുമായിട്ട് മുന്നോട്ട് നടന്നു എനിക്ക് ആരും വാടക കെട്ടിടം തരത്തില്ല, ഞാൻ അവരോട് സത്യം പറഞ്ഞു എനിക്ക് പാവങ്ങളെ സഹായിക്കണമെന്ന് രോഗത്താൽ അവശത അനുഭവിക്കുന്നവരെ കൊണ്ട് വന്ന് നോക്കണമെന്ന് എന്നാൽ അവർ ചിരിച്ചിട്ട് പറഞ്ഞു ഞങ്ങൾക്ക് ഏതായാലും അങ്ങനെ ഉള്ള കെട്ടിടങ്ങൾ ഒന്നും തരാനില്ല എന്ന്. ഒരു പത്ത് പേരോട് സഹായം ചോദിക്കുമ്പോൾ ഒരു എട്ട് പേര് എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ് രാജുവിന് പഠിപ്പുണ്ടോ?, രാജുവിന് പണം ഉണ്ടോ?, രാജുവിന് കഴിവുണ്ടോ? അതാണ് ചോദിക്കുന്നത്. അതിൻറെ പേരിൽ വളരെ വിഷമിച്ചിരിക്കുമ്പോഴാണ് എൻറെ സഹോദരിക്ക് ഇറ്റലിക്ക് പോകാൻ വിസ തടസ്സം ഉണ്ടാകുന്നത്. അവളുടെ ഒരു നിയോഗമല്ലെങ്കിൽ നേർച്ചപ്പോലെ നേർന്നു അതിൽ നിന്ന് അവൾക്ക് ഇറ്റലിക്ക് പോകാൻ ഇടയാക്കി അതിൽ നിന്ന് അവളുടെ ആദ്യത്തെ രണ്ട് മാസത്തെ ശബളമാണ് സ്നേഹ മന്ദിരത്തിൻറെ പത്ത് സെൻ്റ് സ്ഥലം വാങ്ങുന്നതും അതിനകത്ത് മൈത്രി ഭവൻറെ ലോൺ എടുത്തു കെട്ടിടം പണിതതും . കെട്ടിടം പണിതപ്പോൾ എല്ലാവരും ധരിച്ചു എനിക്ക് വീടില്ലാത്ത കൊണ്ട് എനിക്കും കുടുംബത്തിനും താമസിക്കാനായിരിക്കും വിട് എന്ന് പലരും കരുതിയിരുന്നു. പക്ഷേ പദ്ധതി വേറൊന്നായിരുന്നു മെഡിക്കൽ കോളേജിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മൂന്ന് രോഗികളെയാണ് ആദ്യം അവിടെ കൊണ്ട് വന്നു താമസിപ്പിച്ചത് അതിൽ ഒരാള് തെങ്കാശി സ്വദേശി ജോർജ്ജ് ആയിരുന്നു പിന്നെ ഒരാൾ തങ്കയ്യ പിന്നെ ഒരു കണ്ണൻ അവരെ മൂന്ന് പേരെയാണ് ഞാൻ സ്നേഹ മന്ദിരത്തിലേക്ക് സ്വീകരിച്ച ആദ്യത്തെ അതിഥികൾ അതിൽ നിന്നും നല്ലൊരു പ്രചോദനം എന്ന് പറയാൻ പറ്റില്ല.
4.സ്നേഹ മന്ദിരത്തിന്റെ തുടക്കത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായിരുന്ന മനോഭാവവും , ഇത്രയും വർഷത്തെ പ്രവർത്തനം ജനം കണ്ടു കഴിഞ്ഞപ്പോൾ ഉള്ള മനോഭാവവും ഒന്നു വ്യക്തമാക്കാമോ?
സ്നേഹ മന്ദിരം തുടങ്ങുന്ന സമയത്ത് ആൾക്കാര് പലരും ഒരു പ്രത്യേക രീതിയിലാണ് എന്നെ വിക്ഷിച്ചത് ആർക്കും അത് മനസ്സിലാകാത്ത അവസ്ഥ, പക്ഷെ ഇത് ക്രിസ്തീയമായ ചിന്തയോടു കൂടി ദൈവീക മനോഭാവത്തോടു കടി ആയതു കൊണ്ടും ഞാൻ ഒരു ക്രൈസ്തവൻ ആയതു കൊണ്ടും ക്രീസതിയമായ രീതിയിൽ നടക്കണമെന്ന് ആഗ്രഹിച്ച് എന്റെ വികാരിയച്ച നോട് പറഞ്ഞപ്പോൾ ബഹുമാനപ്പെട്ട വികാരിയച്ചൻ അത് വെഞ്ചിരിച്ച് തരുവാൻ മനസ്സ് കാണിച്ചു.രണ്ടാമത് അന്ന് ആൾക്കാരൊക്കെ വന്ന് എല്ലാവരും ഒരു അത്ഭുത അവസ്ഥയോടുകൂടിയാണ് വീക്ഷിച്ചിരുന്നത് . കണക്ക് നോക്കിയാല് ഒരു നൂറ് പേരില് 80 % ആൾക്കാര് ഒരു പ്രത്യേക അവസ്ഥയില് വിമർശന കണ്ണുകളോട് കൂടിയാണ് നോക്കിയിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും അതിനു ശേഷം അങ്ങനെ കാലങ്ങൾ കടന്നു പോയി അതു പിന്നെ 80 % വിമർശനത്തിൽ നിന്നും അത് 50% ആയി മാറി എന്നാൽ ഇന്ന് 85%ആൾക്കാര് സ്നേഹ മന്ദിരത്തിന് സപ്പോർട്ട് ആക്കി. അത് ഇന്ന മതമില്ല ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസൽമാനെന്നോ വ്യത്യാസമില്ലാതെ ഇന്ന് എല്ലാ ഭാഗത്തു നിന്നും നല്ല സപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
5, ഇത്രയും നാളത്തെ പ്രവർത്തനത്തിനിടയ്ക്ക് ഉണ്ടായ ഏറ്റവും വലിയ പ്രതികൂലമായ സാഹചര്യം എന്തായിരുന്നു?
പ്രതികൂലമായ സാഹചര്യങ്ങൾ ഏറെ സ്നേഹ മന്ദിരത്തിന് ഉണ്ടായിട്ടുണ്ട്. കാരണം നാൾക്ക് നാൾ രോഗികൾ വർദ്ധിച്ചുവരുന്നു. അങ്ങനെയുള്ള പല സാഹചര്യങ്ങൾ ഉണ്ടായികൊണ്ടിരുന്നെങ്കിലും എല്ലാം ദൈവം അത്ഭുതകരമായിട്ടാണ് പരിപാലിച്ചുകൊണ്ടിരുന്നത്. അന്ന് എനിക്കുണ്ടായ ഒരു രംഗം ഓർക്കുമ്പോൾ ഞാന് സ്നേഹ മന്ദിരം തുടങ്ങി, രണ്ട് പേര് മൂന്ന് പേരിൽ നിന്ന് അഞ്ചായി അഞ്ച് ഏഴ് ആയി ഏഴ് പതിനൊന്നായി പതിനൊന്ന് ഇരുപത്തിരണ്ടായി എത്തി നിൽക്കുന്ന സമയം സ്നേഹ മന്ദിരത്തിൽ ഞാൻ ആദ്യം ഏഴ് കിലോ അരിയുമായിയാണ് തുടങ്ങിയത് എന്നു പറഞ്ഞു. ഏഴ് കിലോ അരിയെ മേടിച്ചിട്ടുള്ളൂ. പക്ഷെ എനിക്ക് പിന്നെ സഹകാരികൾ അരി മേടിച്ച് തന്നു. അങ്ങനെ ഇരുപത്തിരണ്ട് പേരായി ഏകദേശം 15 കിലോ അരിയുടെ ചിലവ് വരും ഒരു ദിവസം, അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴെക്കും ഒരു ദിവസം അടുക്കളയിൽ ജോലി ചെയ്യുന്ന ഒരു സഹോദരി പറഞ്ഞു, പപ്പാ ( പപ്പാ എന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത് ) ഇന്ന് ഉച്ചക്ക് കൂടി കഞ്ഞി വയ്ക്കാനുള്ള അരിയെയുള്ളൂ വൈകുന്നേരത്തേക്ക് അരിയില്ല എന്ന് വളരെ വിഷമത്തോടുകൂടി പറഞ്ഞു. ഞാൻ ഉടനെ പറഞ്ഞു ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് നമ്മൾ വിശ്രമിക്കുന്നില്ല നമ്മൾ എല്ലാവരും പ്രാർത്ഥിക്കാൻ പോകുവാണ് അങ്ങനെ ഞങ്ങൾ പ്രാർത്ഥനാമുറിയിൽ കേറി തിരുഹൃദയത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കാൻ തുടങ്ങി. സമയം മൂന്ന് മണിയായി നാല് മണിയായി അങ്ങനെ പ്രാർത്ഥന തുടരുന്നതിനിടയിൽ എന്റെ മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി , ഞാൻ അന്ന് ഒരു യുവാവാണ് , ആളുകൾ എന്നെ കളിയാക്കും ഞാൻ ഇത് തുടങ്ങുന്നതിന് മുൻപ് എന്നെ ഒരു പാട് പേര് നിരുൽസാഹപ്പെടുത്തിയതാണ് , എനിക്ക് വേണമെങ്കില് ഒരു ദിവസത്തേക്ക് കടയിൽ നിന്നും വേണമെങ്കിൽ മേടിക്കാം പക്ഷെ അത് എത്ര നാൾ എന്നെ കൊണ്ട് വാങ്ങിക്കാൻ സാധിക്കും , എന്റെ ഭാര്യ വീട്ടുകാരുടെ പരിഹാസം എന്നെ നിരുൽസാഹപ്പെടുത്തിയവരുടെ പരിഹാസം ഇത് എല്ലാം എന്റെ മുന്നിലൂടെ കടന്നുപോകുകയാണ് അങ്ങനെ ഞാൻ കരഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി അങ്ങനെ ഏതാണ്ട് അഞ്ചര മണിയായപ്പോൾ സ്നേഹ മന്ദിരത്തിന്റെ മുന്നിലുള്ള റോഡിൽ ഒരു വണ്ടി വന്ന് ഹോൺ അടിച്ചു. അതു കേട്ടപ്പോൾ ശുശ്രൂഷകൻ പറഞ്ഞു നമ്മളെയാണ് വിളിക്കുന്നത് എന്ന് തോന്നുന്നു. ഞാൻ കണ്ണ് തുടച്ച് വഴിയിലേക്ക് ഇറങ്ങി ചെന്നു. അടുത്തു ചെയ്യുന്നതിന് മുമ്പായി ഒരാൾ വണ്ടിയുടെ അടുത്ത് നിന്ന് വിളിച്ചു പറഞ്ഞു ഇത് നിങ്ങൾക്ക് ഉള്ളതാണ് ഉടനെ വണ്ടി വിട്ടു പോകുകയും ചെയ്തു. ഞങ്ങൾ അവിടെ ചെന്നു നോക്കിയപ്പോൾ മുക്കാൽ ചാക്ക് അരി അതുമായി സ്നേഹ മന്ദിരത്തിന്റെ കലവറയിലേക്ക് വന്നു. അതിനു ശേഷ ഇന്ന് വരെ സ്നേഹ മന്ദിരത്തിൽ അരിയുടെ ക്ഷാമം ഉണ്ടായിട്ടില്ല. ഇന്ന് 250 കിലോ അരി വേണം ഒരു ദിവസം കാര്യങ്ങൾ നടത്താൻ , എന്നാൽ ഈ അരി എവിടെ നിന്നാണ് വന്നത് എന്ന് എനിക്ക് അറിയില്ല. ഇന്ന് സ്നേഹ മന്ദിരത്തിൽ എന്തെങ്കിലും ഒരു പണി നടത്തുമ്പോൾ 10000 രൂപയുടെ പണിയാണങ്കിൽ പോലും സമയമാകുമ്പോൾ 15000 ആരെങ്കിലും കൊണ്ടു തരും 5000 രൂപ മിച്ചം ലഭിക്കും അങ്ങനെ കഴിഞ്ഞ 22 വർഷമായി സ്നേഹ മന്ദിരത്തെ ദൈവം പരിപാലിക്കുന്നത്.
6, കോട്ടയം അതിരൂപതയുടെ ഭാഗത്തു നിന്നും എന്തെങ്കിലും സഹകരണം സ്നേഹ മന്ദിരത്തിന്റെ പ്രവർത്തനത്തിനായി ലഭിക്കുന്നുണ്ടോ?
ഞാൻ കോട്ടയം ജില്ലയിൽ നീണ്ടൂർ എന്ന സ്ഥലത്തു ജനിച്ച ആളാണ് . കോട്ടയം അതിരൂപത അംഗവും ആണ്. എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾ 9 മക്കൾ ആണ്. ഇത്രയും പേരെ വളർത്തുവാനുള്ള ബുദ്ധിമുട്ടു കാരണം ഞങ്ങൾ മലബാറിലേക്ക് കുടിയേറി . 10 പൈസ വണ്ടികൂലിക്കു ഇല്ലാത്തതു കൊണ്ട് 11 കിലോമീറ്റർ നടന്നാണ് ഞാൻ സ്കൂളിൽ പോയിരുന്നത് . കോട്ടയം അതിരൂപത മെത്രാപോലിത്ത ഉൾപ്പെടെ മറ്റു പല വൈദികരും ഒത്തിരി എന്നെ സഹായിച്ചിട്ടുണ്ട് . നമ്മുടെ പിതാവ് സ്ത്രീകൾക്ക് വേണ്ടി നിർമിച്ച കെട്ടിടം കാണുവാൻ വന്നപ്പോൾ അതൊരു വലിയ ദൈവാനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത് . അതിനു ശേഷമാണ് ഇടുക്കി , കാഞ്ഞിരപ്പള്ളി രൂപതകൾ ,മറ്റു പല മെത്രാന്മാരും വരുവാനും സഹായം ചെയ്യുവാനും തുടങ്ങിയത്. ഇപ്പോൾ യു കെ വന്നപ്പോൾ പോലും അതിന്റെ അനുഗ്രഹം ഉള്ളതായാണ് എനിക്ക് തോന്നുന്നത് .
7 രാജു ചേട്ടന്ന്റെ കുടുംബത്തെ ഒന്നു പരിചയപ്പെടുത്താമോ? പ്രവർത്തനങ്ങളിൽ കുടുംബാംഗങ്ങളുടെ സഹകരണം ഏതു വിധത്തിൽ ആണ്?
എന്റെ 24 മതെ വയസിലാണ് ഷൈനി ഭാര്യയായി എന്റെ ജീവിതത്തിലോട്ടു കടന്നു വന്നത് . പിള്ളവീട്ടിൽ നെല്ലുപ്പഴി കുടുംബഗം ആണ് ഷൈനി. എന്റെ വീട്ടു പേര്
വടക്കാട്ടുപുറത്തു. ഞങ്ങൾക്ക് മൂന്ന് മക്കൾ , നിബിൻ , നീതു , നിവ്യ . നിബിൻ 8 വയസിൽ പറയുമായിരുന്നു പപ്പാ അനാഥരെ നോക്കുന്നതായി സ്വപ്നം കാണുമെന്ന്. ഇന്ന് നിബിൻ എം ബി എ കഴിഞ്ഞു സ്നേഹത്താഴ് വര , ശാലോം തുടങ്ങിയ ആത്മീയ മാസികകളിൽ സേവനം ചെയ്യുന്നു. അവന്റെ വിവാഹം കഴിഞ്ഞു . രണ്ടാമത്തെ മകളുടെ വിവാഹവും കഴിഞ്ഞു. ഇളയ മോൾ m s w നു പഠിക്കുന്നു . ആദ്യകാലങ്ങളിൽ ഭാര്യ ഷൈനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു . അവളുടെ സുഹൃത്തുക്കൾ പോലും ഉപദേശിക്കുമായിരുന്നു എനിക്ക് ഭക്തി മൂത്തു മാനസിക നില തെറ്റുമെന്നു വരെ പറഞ്ഞിട്ടുണ്ട് . അതിനു ഉദാഹരണമായി സിദ്ധാർത്ഥന്റെ കഥയും പറഞ്ഞു കൊടുത്തിട്ടുണ്ട് . പക്ഷെ ഇന്ന് ഞാൻ ഉള്ളതിൽ കൂടുതലായി ഷൈനി ആണ് സ്നേഹ മന്ദിരം നോക്കി നടത്തുന്നതിൽ താല്പര്യത്തോടെ ഓടി നടക്കുന്നത്
8,ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉള്ള സഹകരണം എങ്ങനെയാണ്?
ആദ്യ കാലങ്ങളിൽ ഗവണ്മെന്റ് രെജിസ്ട്രേഷനെ കുറിച്ച് അറിവില്ലായിരുന്നുവെങ്കിലും പിന്നീട് സ്നേഹ മന്ദിരം നടത്തുന്നതിന് ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ആവശ്യമുള്ള രെജിസ്ട്രേഷൻ ഉൾപ്പെടെ ഉള്ള എല്ലാ കാര്യങ്ങളും കിട്ടിയിട്ടുണ്ട്. മാത്രമല്ല ഓരോ പ്രാവശ്യവും മാറി വരുന്ന ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടർമാർ സ്നേഹ മന്ദിരത്തിൽ വരാറുണ്ട് . നാഷണൽ ട്രസ്റ്റ് എന്ന് പറയുന്ന മാനസിക രോഗികൾക്ക് വേണ്ടിയുള്ള ഗവണ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ആയ ജില്ലാ കളക്ടർ മുഖേന അതിന്റെ കൺവീനറെ കഴിഞ്ഞ രണ്ടു വർഷമായി തിരഞ്ഞെടുക്കുന്നത് സ്നേഹ മന്ദിരം ആണ്. ജില്ലാ ഭരണകൂടവും സ്നേഹ മന്ദിരവും ഒന്നിച്ചു പ്രവർത്തിക്കുന്നതിന്റെ ബലമായി ഇടുക്കി ജില്ലയിലുള്ള ഏകദേശം 500 ലധികം മാനസിക വൈകല്യമുള്ളവർക്കു ആനുകൂല്യം ഗവെർമെന്റിൽ നിന്നും നേടി കൊടുക്കാൻ സ്നേഹ മന്ദിരത്തിനു സാധിച്ചിട്ടുണ്ട് . സർക്കാരിന്റെ എല്ലാ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് സ്നേഹ മന്ദിരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഇപ്പോൾ നടക്കുന്ന കെട്ടിടം പണി വരെ നടക്കുന്നത്. നിയമ പരമായി തരാൻ കഴിയുന്ന എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടത്തിൽ നിന്നും ദൈവാനുഗ്രഹത്താൽ കിട്ടുന്നുണ്ട് .
9, യുകെയിൽ സന്ദർശനത്തിന് എത്തി കഴിഞ്ഞപ്പോൾ കിട്ടിയ അനുഭവം ഒന്നു വിവരിക്കാമോ?
സ്നേഹ മന്ദിരത്തിലെ സന്ദർശകരുടെ അഡ്രസ് ഞങ്ങൾ സൂക്ഷിച്ചു വെക്കാറുണ്ട് . എന്റെ ജേഷ്ഠന്റെ പുത്രിയുടെ ആഗ്രഹപ്രകാരമാണ് ഞാൻ യു കെ യിൽ വരാൻ ഇടയായത് . ഇങ്ങോട്ടു പോന്നപ്പോൾ ഇവിടെ ഉള്ള കുറച്ചു പേരുടെ ഫോൺ നമ്പേഴ്സ് കളക്ട് ചെയ്തു കൊണ്ടാണ് പോന്നത് . അധികം പ്ലാനിംഗ് ഒന്നും ഇല്ലാതെ ആണ് ഞാൻ യു കെ യിൽ വന്നതെങ്കിലും വര്ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ആളുകൾ പോലും പോയിട്ടില്ല സ്ഥലങ്ങളിലൊക്കെ ഒരു രൂപ പോലും എന്റെ കൈയിൽ നിന്നും ചിലവാക്കിക്കാതെ ഇക്കഴിഞ്ഞ 18 ദിവസം കൊണ്ട് എന്നെ കൊണ്ട് പോയി . ഇത്രയും തണുപ്പ് ഞാൻ ആദ്യമായിട്ടാണ് അനുഭവിക്കുന്നത് . ഇവിടുത്തെ ബുദ്ധിമുട്ടുകൾക്കിടയിലും എന്റെ വിവരങ്ങൾ അറിയുവാനും സ്നേഹ മന്ദിരത്തിന്റെ കാര്യങ്ങൾ ചോദിച്ചറിയുവാനും ഇനി നാട്ടിൽ വരുമ്പോൾ കുടുംബ സമേതം സ്നേഹ മന്ദിരം കാണുവാൻ വരുമെന്ന് ഒരുപാടു പേര് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തു മാനസിക രോഗമുള്ളവർക്കു കിട്ടുന്ന സംരക്ഷണമോ ചികിത്സയോ കേരളത്തിലുള്ള മാനസിക രോഗികൾക്ക് കിട്ടുന്നില്ല . നേരത്തെ നല്ല രീതിയിൽ ജീവിച്ചു ഇപ്പോൾ മാനസിക രോഗം പിടിപെട്ട ആളുകളുടെ ജീവിതം നേരിട്ട് സ്നേഹ മന്ദിരത്തിൽ വന്നു കാണുമ്പോൾ നമ്മുടെ ഒക്കെ ജീവിതത്തിൽ ദൈവം നൽകിയിരിക്കുന്ന അനുഗ്രഹത്തെ കുറിച്ച് നമുക്ക് ഓർക്കാനും ചിന്തിക്കാനും കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് .
10, ക്നാനായ പത്രം പോലുള്ള മാധ്യമങ്ങൾക്ക് രാജു ചേട്ടന്റെ പ്രവർത്തനങ്ങളെ എങ്ങനെ സപ്പോർട്ട് ചെയ്യാൻ സാധിക്കും?
ഇന്നത്തെ സാഹചര്യത്തിൽ എന്ത് കാര്യങ്ങളെയും ഉന്നതിയിലെത്തിക്കാനും ഒന്നും ഇല്ലാതെ ആകുവാനും മാധ്യമത്തിന് കഴിയും. ക്നാനായ പത്രം പോലുള്ള മാധ്യമങ്ങളുടെ സഹായം കൊണ്ട് തീർച്ചയായും ഒത്തിരി ആളുകൾ ചെറുതും വലുതുമായ സഹായങ്ങൾ ചെയ്തു. ക്നാനായ പത്രത്തിന്റെ മാനേജിങ് ഡയറക്ടറിൽ ഒരാളായ സിറിൾ പനംകാല കെ സി വൈ എല് ലില് പ്രവർത്തിക്കുന്ന കാലത്തു സ്നേഹ മന്ദിരത്തിൽ വന്നത് ഞാൻ ഓർക്കുന്നു . ക്നാനായ പത്രത്തിൽ എന്നെ കുറിച്ചും സ്നേഹ മന്ദിരത്തെ കുറിച്ചും ഒക്കെ ഉള്ള വാർത്തകൾ കണ്ടപ്പോൾ എനിക്കിതിനുള്ള യോഗ്യത ഇല്ലെങ്കിൽ പോലും ഇത് നടത്തി തന്ന ദൈവത്തിനു ഞാൻ നന്ദി അർപിക്കുന്നു. ഇനി മുന്പോട്ടും സമൂഹത്തിൽ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുവാൻ ക്നാനായ പത്രം പോലുള്ള മാധ്യമങ്ങൾക്കു സാധിക്കട്ടെയെന്നു ആഗ്രഹിക്കുന്നു .എനിക്ക് ഒരുപാട് പേരുടെ പേര് പറയാനുണ്ട് എന്നോട് സഹകരിച്ച, പേര് എടുത്തു പറയാൻ കഴിയുന്ന വ്യക്തിത്വങ്ങൾ അതിൽ മാഞ്ചസ്റ്ററിലുള്ള ഫാ.സജി മലയിൽ പുത്തൻപുര, അതുപോലെ തന്നെ ഈസ്റ്റ് ബോണിലുള്ള ആലപ്പാട്ടച്ചൻ, ലെസ്റ്ററിലുള്ള പോളച്ചൻ, ലിവർപൂളിലെ ,ജിനോ അരീക്കാട്ടിലച്ചൻ, കൂടാതെ ടോം ജോസ് തടിയമ്പാട് അദ്ദേഹത്തിന്റെ ഭാര്യ വീട് പട മുഖത്താണ് അതുകൊണ്ട് അദ്ദേഹം സ്നേഹ മന്ദിരം വന്നു കാണുകയും നല്ല രീതിയിൽ തന്നെ പരമാവധി സ്നേഹമന്ദിരത്തിന്റെ നന്മയെ പുകഴ്ത്തി പറയാൻ ഏറെ പരിശ്രമിക്കുകയും ചെയ്തു.ക്നാനായ പത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു.